തൃശൂർ: വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ട് ആത്മഹത്യക്കു ശ്രമിച്ച സ്ത്രീയെ കുരച്ചെത്തിയ വളർത്തുനായകൾക്കിടയിലൂടെ അതിസാഹസികമായി രക്ഷപ്പെടുത്തി വിയ്യൂർ പോലീസ്.
ഞായറാഴ്ച വൈകുന്നേരം ഏഴരയോടെയാണു സംഭവം. സ്ത്രീയുടെ വാട്സാപ്പ് സ്റ്റാറ്റസ് കണ്ട് ഒരാൾ ലൊക്കേഷനടക്കം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. എസ്ഐ ശ്രീജിൻ, സിപിഒമാരായ ഭദ്രൻ, ടോമി, സജിത്ത് എന്നിവർക്കൊപ്പം ഉടൻ സ്ഥലത്തെത്തി. ഗേറ്റ് തുറന്ന് അകത്തേക്കു കടക്കാൻ ശ്രമിച്ചതോടെ രണ്ടു വളർത്തുനായ്ക്കൾ കുരച്ചു ചാടിയെത്തി.
നായ്ക്കളുടെ ശ്രദ്ധമാറ്റാൻ എസ്ഐ ഒരു ഭാഗത്തേക്ക് ഓടി. ഈ തക്കത്തിനു സിപിഒ ഭദ്രൻ പിന്നിലെ മതിൽചാടി അകത്തുകടന്നു. ഉള്ളിൽനിന്നു പൂട്ടിയ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കടക്കുന്പോഴേക്കും വീണ്ടും നായ്ക്കൾ കുരച്ചെത്തി.
അകത്തെത്തുന്പോൾ തളംകെട്ടിയ രക്തത്തിൽ കൈഞരന്പു മുറിച്ച സ്ത്രീ ബോധമില്ലാതെ കിടക്കുന്നതാണു കണ്ടത്. ഉടൻ പിന്നിലെ മതിലിന് അരികിലേക്കു സ്ത്രീയെ എടുത്തുകൊണ്ടുവന്നു. രണ്ടുപേർ വീണ്ടും നായ്ക്കളുടെ ശ്രദ്ധതിരിച്ച ഘട്ടത്തിൽ മതിലിനു പുറത്തേക്കു മാറ്റി, ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ഏറെ രക്തം വാർന്നുപോയെങ്കിലും അപകടനില തരണം ചെയ്തെന്നു ഡോക്ടർ അറിയിച്ചു. മാനസിക വിഷമത്തിൽ ആത്മഹത്യക്കു ശ്രമിച്ച സ്ത്രീക്കു കൗണ്‍സലിംഗിന് സൗകര്യങ്ങൾ ചെയ്യുമെന്നു പോലീസ് പറഞ്ഞു.